Saturday, January 8, 2011

ജനിതക വിത്തുകള്‍ക്ക് സമയമായോ?

ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ചുള്ള വിവാദം കത്തിക്കാളുകയാണ്‌. വിവാദത്തിലെ കേന്ദ്രബിന്ദു സി.പി.എം ആയതിനാല്‍ മാധ്യമങ്ങളും കാര്യമായിത്തന്നെ അത് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പല ചര്‍ച്ചകളിലും ഇടപെട്ടവര്‍ക്കു പോലും അടിസ്ഥാനപരമായ സാങ്കേതിക ജ്ഞാനം ഇല്ലാതിരുന്നതിനാല്‍ വെറും രാഷ്ട്രീയതര്‍ക്കമായി അത് അധ:പതിക്കുകയും ചെയ്തു. എന്തുകൊണ്ട് ഈയൊരു സാങ്കേതികവിദ്യ ആഗോളതലത്തില്‍ പോലും ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് മനസ്സിലാക്കാന്‍ അല്പം അടിസ്ഥാന ജ്ഞാനം അനുപേക്ഷണീയമാണ്‌.

എന്താണ്‌ ജനിതക ശാസ്ത്രം?
അതറിയണമെങ്കില്‍ അല്പം ജീവശാസ്ത്രം അറിഞ്ഞിരിക്കണം. ഏതൊരു
പദാര്‍ഥത്തിന്റെയും ഏറ്റവും സൂക്ഷ്മമായ ഘടകത്തിനെയാണ്‌ ആറ്റമെന്ന് വിളിക്കുക. അതുപോലെ ജൈവികമായവസ്തുക്കളുടെ-ചെടികള്‍, മൃഗങ്ങള്‍, പക്ഷികള്‍,എന്നിങ്ങനെ എതുമാവട്ടേ- അടിസ്ഥാന ഘടകമാണ്‌ "കോശം" എന്നത്‌. അമീബ,ബാക്ടീരിയ, ചില അല്‍ഗകള്‍ തുടങ്ങിയ പല ജീവികളും ഏകകോശ ജീവികളാണ്‌, അതായത് അവയുടെ മൊത്തം ശരീരം നിര്‍മ്മിച്ചിരിക്കുന്നത് ഒരൊറ്റ കോശം കൊണ്ടാണ്‌. എന്നാല്‍ മനുഷ്യരും, മൃഗങ്ങളും, മറ്റു ജീവികളുമൊക്കെ ബഹുകോശ ജീവികളാണ്‌.അതായത് ഒന്നിലധികം കോശങ്ങള്‍ ഇവയുടെ ശരീരത്തിലുണ്ട്. മനുഷ്യശരീരത്തില്‍ ഏകദേശം 3,000,000,000,000 കോശങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കോശങ്ങള്‍ വ്യത്യസ്തങ്ങളായ പല ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. ചില കോശങ്ങള്‍ ശരീരത്തിന്റെ ചട്ടക്കൂട് പണിയാനായി ഉപയോഗപ്പെടുത്തുമ്പോള്‍ ചിലവയുടെ ധര്‍മ്മം ശരീരത്തിനാവശ്യമായ ഹോര്‍മോണ്‍ നിര്‍മ്മാണമാണ്‌. പല കോശങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു അവയവം. ഒരു അവയവത്തിലെ കോശങ്ങള്‍ പൊതുവെ ആ അവയവം ചെയ്യേണ്ട ധര്‍മ്മത്തിനുസൃതമായ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഈ കോശങ്ങള്‍ക്ക് പൊതുവേ ഒരു കോശഭിത്തിയും നടുവില്‍ ഒരു ന്യൂക്ലിസ്സുമാണുണ്ടാകാറ്. ഇതു കൂടാതെ അതിന്റെതായ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന 'organelles' കളും കോശത്തിനകത്തു കാണപ്പെടുന്നു. ഒരു ഭ്രൂണകോശം വിഘടിച്ചാണ്‌ , അതായത് അതിന്റെ പകര്‍പ്പുകള്‍ നിര്‍മ്മിക്കപ്പെടുന്നതു വഴിയാണ്‌ ഒരു ജീവി 'നിര്‍മ്മിക്കപ്പെടുന്നത്‌'.

ഡി.എന്‍. എന്ന 'ജീവിത രേഖ'
ന്യൂക്ലിയസ്സിനകത്തുള്ള ഒരു പ്രധാന ഘടകം ഡി.എന്‍ .എ ആണ്‌. ഡി.എന്‍ .എ
എന്നത് ഡിഓക്സിറൈബോ ന്യൂക്ലിക് ആസിഡ് (ഒരുതരം ആസിഡ്‌)എന്നതിന്റെ ചുരുക്കെഴുത്താണ്‌. കോശങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കണം,(ഉദാ: എത്ര ഇന്‍സുലിന്‍ ഉത്പാദിപിക്കണം) അവയുടെ സ്വഭാവ സവിശേഷതകള്‍ എന്തായിരിക്കണം (ഉദാ: പൂവിന്റെ നിറം) എന്നിവയെല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേകതരം കോഡുകളുടെ രൂപത്തിലാണ്‌ ഈ വിവരങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരു ജീവിയുടെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളെയെല്ലാം ചേര്‍ത്തുള്ള കോഡുകളെ മൊത്താമായി ജീനോം എന്നു പറയുന്നു. അതായത് ഒരു ജീവിജാലത്തിനെ ജീനോം മനസ്സിലാക്കിയാല്‍ അതിനെക്കുറിച്ച് മൊത്തമായറിയാം എന്നു ചുരുക്കം. ഇത്തരത്തിന്‍ മനുഷ്യന്റെ ജീനോം മനസ്സിലാക്കുന്നതിന്‌ നടന്ന ബൃഹത്തായ സംരഭമാണ്‌ 'human genome
project' എന്നത്.ഈ ജീനോം ആലേഖനം ചെയ്തിരിക്കുന്നത് D.N.A യിലാണ്‌. DNA യുടെ ഏറ്റവും പ്രധാമായ സ്വഭാവ സവിശേഷത ഒരു കോശം വിഘടിച്ച് മറ്റൊരു കോശമുണ്ടാകുമ്പോള്‍ DNA കള്‍ അതുപോലെ പകര്‍ത്തപ്പെടുന്നു എന്നതാണ്‌.അതുകൊണ്ട് തന്നെ പാരമ്പര്യം തലമുറകളിലേക്ക് പകര്‍ത്തിയെഴുതപ്പെടുന്നതിന്റെ ആണിക്കല്ലായി DNA പ്രവര്‍ത്തിക്കുന്നു.

ഡി.എന്‍ .എക്കകത്ത് കോഡുകളുടെ രൂപത്തിലാണ്‌ വിവരങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. നാല്‌ അക്ഷരങ്ങളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്. A, C, G ,T എന്നിവയാണ്‌ ആ അക്ഷരങ്ങള്‍. adenine (A), guanine (G), cytosine (C), and thymine (T) എന്നീ അടിസ്ഥാന രാസപദാര്‍ത്ഥങ്ങളുടെ(chemical bases) ചുരുക്കപ്പേരാണിവ. ഇതില്‍ Adenine നും Thymine ആയും Guanine Crytosine -നുമായും മാത്രമേ ചേരാറുള്ളൂ. ഈ അക്ഷരങ്ങള്‍ ചേര്‍ത്ത് ഒരു ജനിതക വാക്കുണ്ടാകുന്നു. മൂന്നക്ഷരങ്ങളാണ് ഒരു വാക്കിലുള്ളതെന്ന് കണക്കാക്കപ്പെടുന്നു.ഇത്തരത്തിലുള്ള പല വാക്കുകള്‍ ചേര്‍ന്നാണ്‌ ജീന്‍ എന്ന വാചകം സൃഷ്ടിക്കപ്പെടുന്നത്.ഒരു ജീനില്‍ ശരാശരി 1000 വാക്കുകളുണ്ടാകും. മനുഷ്യശരീരത്തില്‍ ഇത്തരം 25,000-ഓളം ജീനുകളുണ്ടെന്നാണ്‌ കണക്കാക്കുന്നത്. ഈ വാക്കുകളുടെ ലിഖിതക്രമം പ്രധാനമാണ്‌. ഈ ലിഖിതക്രമങ്ങളിലുള്ള വ്യത്യാസം സ്വഭാവ സവിശേഷതകളിലുള്ള വ്യത്യാസമായി പരിഗണിക്കപ്പെടുന്നു.മിക്കവാറും മനുഷ്യരില്‍(മറ്റു ജീവജാലങ്ങളിലും) 99% ജീനുകളും തുല്യമാണെങ്കിലും ചിലവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസമാണ്‌ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ തീരുമാനിക്കുന്നത്. മനുഷ്യശരീരത്തിലെ ഒരു കോശത്തിനകത്തെ ഡി.എന്‍ .എ യുടെ നീളം ഏകദേശം രണ്ട് മീറ്റര്‍ വരും. ഇത്രയും നീളമുള്ള DNA ഒരു കോശത്തിനകത്ത് പ്രോട്ടീനില്‍ പൊതിഞ്ഞ് നൂല്‍ക്കെട്ടുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്നു. ഇത്തരം കെട്ടുകളെയാണ്‌ 'ക്രോമോസോമുകള്‍ ' എന്നു വിളിക്കുക. മനുഷ്യകോശത്തില്‍ 46 (23 ജോഡി) ക്രോമോസോമുകളാണുള്ളത്. ക്രോമോസോമുകള്‍ പൊതുവേ രണ്ടെണ്ണം വീതമുള്ള ജോഡികളായാണ്‌ കാണപ്പെടാറ്. മനുഷ്യശരീരത്തിനകത്തെ ഡി.എന്‍ .എ യുടെ മൊത്തം നീളം ഏകദേശം 60,000,000,000 കി.മീ വരും.അതായത് ചന്ദ്രനില്‍ പോയി വരാനുള്ള ദൂരത്തിന്റെ 8000 മടങ്ങ്!

ജീനുകളുടെ ഘടനയും പ്രവര്‍ത്തനവും.

ജീനുകള്‍ക്ക് പൊതുവെ മൂന്നു കംമ്പാര്‍ട്ടുമെന്റുകളായി കാണപ്പെടുന്ന ഒരു ഘടനയാണുള്ളത്. തുടക്കത്തില്‍ "പ്രൊമോട്ടെര്‍ " എന്നറിയപ്പെടുന്ന ഭാഗം. അതിനെത്തുടര്‍ന്ന് ജീന്‍ പിന്നാലെ "ടേര്‍മിനേറ്റര്‍" എന്നു വിളിക്കുന്ന അവസാനഭാഗവും കാണുന്നു. ഈ സംവിധാനത്തെ മൊത്തമായി "എക്സ്പ്രെഷന്‍ കാസറ്റ്" എന്നാണ്‌ വിളിക്കുക. ജീനുകളാണ്‌ മനുഷ്യശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത്. എന്നാല്‍ എല്ലാ ജീനുകളും എല്ലാ കോശങ്ങളിലും ഒരുപോലെയല്ല പ്രവര്‍ത്തിക്കാറ്. ഏതൊക്കെ കോശങ്ങളില്‍ ഏതൊക്കെ ജീനുകള്‍ പ്രവര്‍ത്തിക്കണമെന്നത് പ്രൊമോട്ടെറില്‍ രേഖപ്പെടുത്തിയിരിക്കെന്നു. അതുകൊണ്ട് തന്നെ അത് ഒരു കണ്ട്ട്രോള്‍ ടവര്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്‌ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ്
കുറയുകയാണെങ്കില്‍ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന കോശത്തിനകത്തേക്ക് "കൂടുതല്‍ ഇന്‍സുലിന്‍" വേണമെന്ന നിര്‍ദ്ദേശം എത്തുകയും പ്രൊമോട്ടെര്‍ ഈ നിര്‍ദ്ദേശം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അനുവദിക്കപ്പെട്ട ജീനിനു കൈമാറുകയും ചെയ്യുന്നു. തുടര്‍ന്ന് ജീനിലെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഇവിടെ ശ്രദ്ദേയമായ കാര്യം ഇന്‍സുലിന്‍ ഉത്പാദനത്തിന് അനുവദിച്ചിട്ടുള്ള കോശങ്ങള്‍ മാത്രമേ അവ ചെയ്യുന്നുള്ളൂ എന്നതാണ്‌. അല്ലത്ത പക്ഷം തികഞ്ഞ അരാജകത്വമായേനേ സൃഷ്ടിക്കപ്പെടുന്നത്.


ജനിതക ശാസ്ത്രവും ജനിതക എന്‍ജിനിയറിങ്ങും.

ഒരു ജീവജാലത്തിന്റെ സ്വഭാവസവിശേഷതകളും അവയ്ത് കാരണവുമായ കോഡുകളും (ജീനുകളും) അവയുടെ പഠനവുമാണ് ജനിതക ശാസ്ത്രം കൈകാര്യം ചെയ്യുന്നത് . ഇത്തരം പഠനങ്ങള്‍ കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്താനും. രോഗ നിര്‍ണ്ണയം. പിതൃത്വ പരിശോധന, കുറ്റകൃത്യങ്ങള്‍ തെളിയിക്കുകന്നതിനുള്ള തെളിവുകളുടെ നിര്‍ണ്ണയം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ഒരു ജീവജാലത്തിന്റെ സ്വഭാവസവിശേഷതകള്‍ മുഴുവനും ഒരു കോഡു രൂപത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യം ഈ കോഡുകളില്‍ മാറ്റം വരുത്തിയാല്‍ സ്വഭാവസവിശേഷതകളില്‍ മാറ്റമുണ്ടാകില്ലേ എന്നതാണ്‌. അതെ എന്നു തന്നെയാണിതിനുത്തരവും. ഇത്തരത്തില്‍ ജീനുകളുടെ ഘടനയില്‍ മാറ്റം വരുത്തി ജീവജാലങ്ങളില്‍ വേണ്ടതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള പഠനമാണ്‌ "ജനിതക എന്‍ജിനിയറിങ്ങ്". സത്യത്തില്‍ ജനിതക എന്‍ജിനിയറിങ്ങ് എന്നല്ല ജനിതക റീ-എന്‍ജിനിയറിങ്ങ് എന്നതാണ്‌ ശരിയായ പേര്‌ എന്നതാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ ഓര്‍ക്കേണ്ട ഒരു വസ്തുത ശാസ്ത്രലോകം ഇത്തരം കോഡുകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കി കഴിഞ്ഞിട്ടില്ല എന്നതാണ്‌. ഒരു ജീന്‍ ഒരു സ്വഭാവത്തെ മാത്രമല്ല നിര്‍ണ്ണയിക്കുന്നത്. ഉദാഹരണത്തിന്‌ ജര്‍മ്മനിയില്‍ പൂവിറ്റെ നിറം മാറ്റത്തിനായി നടത്തിയ ജനിതവ്യത്യാസം കൂടുതല്‍ ഇലകളും, വേരുകളും വരുന്നതിന്‌ കാരണമായതായി കണ്ടെത്തിയിരുന്നു.

ജനിതക എന്‍ജിനിയറിങ്ങിന്റെ സാധ്യതകള്‍

ജീനുകളുകള്‍ എല്ലാ ജീവജാലങ്ങളുടേയും സ്വഭാവസവിശേഷതകള്‍ നിര്‍ണ്ണയിക്കുന്നതിനാല്‍ അവയില്‍ വരുത്താന്‍ പറ്റുന്ന മാറ്റങ്ങള്‍ അനന്തമായ സാധ്യതകളാണ്‌ നമുക്കു മുന്നില്‍ തുറക്കുന്നത്. കൂടുതല്‍ ഉത്പാദന
ശേഷിയുള്ള വിത്തിനങ്ങള്‍, കേടുകൂടാതെ നില്‍ക്കുന്ന പച്ചക്കറികള്‍ , വിറ്റാമിനുകള്‍ കുത്തിനിറച്ച ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ . പരമ്പരഗതമായ രോഗ ചികിത്സയാണ്‌ മറ്റൊന്ന്. പരമ്പരാഗതമായി തകരാറിലാക്കുന്ന ജീനിനെ മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ അത്തരം രോഗങ്ങള്‍ പൂര്‍ണ്ണമായും പ്രതിരോധിക്കാം. പരമ്പരാഗതമായ രീതിയില്‍ സമാന സ്വഭാവമുള്ള ജീവജാലങ്ങളില്‍ തമ്മില്‍ ചേര്‍ത്ത് നടത്തുന്ന പ്രജനനം മാത്രമേ വിജയകരമാവുകയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത ജീവികളുടെ സ്വഭാവ സവിശേഷതകള്‍
കൂട്ടിയോജിപ്പിക്കാമെന്നുള്ളതാണ്‌ മറ്റോരു സാധ്യത. പലതരം ജീനുകള്‍ വെട്ടിയൊട്ടിച്ച് നമുക്കാവശ്യമായ വിളകളും വിത്തുകളും , ജീവജാലങ്ങളും ഉത്പാദിപ്പിക്കുക എന്നത് 'ഡിസൈനര്‍ ചെടികളും', 'ഡിസൈനര്‍ ജീവികളും' ഉണ്ടാക്കനുള്ള സാധ്യത വരെ ഈ സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്നു.

ജീനുകളില്‍ മാറ്റം വരുത്തുന്നതെങ്ങിനെ?
ജീനുകളില്‍ മാറ്റം വരുത്തുന്നതിന്‌ ആവശ്യമായ ജീനുകള്‍ തിരഞ്ഞെടുക്കുക എന്നതാണ്‌ ആദ്യമായി ചെയ്യേണ്ടത്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ജീനുകള്‍ 'വെട്ടിയൊട്ടിച്ച്' ആവശ്യമായ ഒരു 'എക്സ്പ്രെഷന്‍ കാസറ്റ്' തയ്യാറക്കുകയാണ്‌ അടുത്തത്. ഇങ്ങനെയുണ്ടാക്കുന്ന എക്സ്പ്രെഷന്‍ കാസറ്റുകളെ, "പ്ലാസ്മിഡ്‌" -(ബാക്ടീരിയകളില്‍ കാണാപ്പെടുന്ന, സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന, ക്രോമോസോമിന്‌ പുറത്തുള്ള ഒരു തരം DNA)ലേക്ക് വിളക്കിചേര്‍ക്കുന്നു. പ്ലാസ്മിഡ് ആകട്ടേ പുതുതായി നിര്‍മ്മിക്കുന്ന DNA യുടെ ലക്ഷക്കണക്കിന്‌ പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട പകര്‍പ്പുകള്‍ 'വെക്ടറുകള്‍' വഴിയോ, 'ജീന്‍ തോക്കുകള്‍ ' വഴിയോ ജീന്‍ മാറ്റത്തിന്‌ ലക്ഷ്യം വെച്ച കോശങ്ങളിലേക്കു ഒളിച്ചു കടത്തുന്നു. 'വെക്ടറുകള്‍' എന്നത് കോശഭിത്തിയേയും ന്യൂക്ലിയസ്സിന്റെ ഭിത്തിയേയും തുരന്ന് കടക്കാന്‍ പറ്റുന്ന ബാക്ടീരിയകളോ വൈറസ്സുകളോ ആണ്‌. ജീന്‍ തോക്കുകള്‍ ഉപയോഗിച്ചാണെങ്കില്‍ സ്വര്‍ണ്ണത്തിന്റേയോ, ടംഗ്സ്റ്റണൈന്റേയൊ തരികളില്‍ ഒളിച്ചു കടത്തേണ്ട DNA കള്‍ പുരട്ടി ലക്ഷ്യം വെച്ച കോശങ്ങാളിലേക്ക് 'വെടി വെച്ച്' കയറ്റുന്നു. മറ്റൊരു മാര്‍ഗ്ഗം ഉപയോഗിക്കുന്നത് ഒരു വൈദ്യുതമണ്ഡലം സൃഷ്ടിച്ച് കോശങ്ങളുടെ ഭിത്തിയില്‍ വിള്ളലുകള്‍ വീഴ്തി DNA കള്‍ കടത്തി വിടുകയാണ്‌. മേല്പ്പറഞ്ഞ ഏതു രീതി പ്രയോഗിച്ചലും, കടത്തി വിടുന്ന DNA കള്‍ എവിടെയാണ്‌ ചേര്‍ക്കപ്പെടേണ്ടത് എന്നതിന്റെ നിയന്ത്രണം ശാസ്ത്രജ്ഞരുടെ നിയന്ത്രണത്തിന്‌ പുറത്താണ്‌. ഇതു തന്നെയാണ്‌ വിവാദങ്ങളുടെ മൂലക്കല്ലായ മറ്റൊരു പ്രശ്നം.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ജനിതക എന്‍ജിനിയറിങ്ങനെക്കുറിച്ച് ഇന്നുള്ള ഏറ്റവും വലിയ സംശയം ജീനുകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിജ്ഞാനം അഥവാ ആവശ്യമായ വിജ്ഞാനം ഇന്ന് ശാസ്ത്രകാര്‍ക്കുണ്ടോ എന്നതാണ്‌. ധാരാളം ചോദ്യങ്ങള്‍ ഉത്തരമില്ലതെ തുടരുന്നു. DNA ഇല്‍ ജീനുകളുടെ സ്ഥാനത്തിനു പ്രസക്തിയുണ്ടോ ? ഒന്നിലതികം ജീനുകള്‍ ഒരു സ്വഭാവ സവിശേഷതയെ സ്വാധീനിക്കാറുണ്ടോ? ഇന്ന ജീനുകള്‍ ഇന്ന ക്രോമോസോമിനകത്തേ പാടുള്ളൂ എന്ന നിബന്ധനകളുണ്ടോ? കൂട്ടിച്ചേര്‍ക്കപ്പെട്ട ജീനുകളില്‍ കാലക്രമേണ എന്തെങ്കിലും മാറ്റങ്ങള്‍ വരുമൊ? കൂട്ടിച്ചേര്‍ക്കപ്പെട്ട ജീനുകള്‍ അനാവശ്യമായ പ്രോട്ടീനുകളുടെ നിര്‍മ്മിതിക്ക് കാരണമാകുമോ? അവ പരിസ്ഥിതിക്ക് ഏല്പ്പികുന്ന ആഘാതങ്ങള്‍ എന്തൊക്കെ ? ചോദ്യങ്ങള്‍ തുടരുകയാണ്‌.



ജനിതക എന്‍ജിനിയറിങ്ങ്‌ അപകടകരമാണോ?

ബര്‍ണാഡ് ഷായോഡ് ഒരു സുന്ദരി ചോദിച്ചത്രെ "നമ്മള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ താങ്കളുടെ ബുദ്ധിയും എന്റെ സൗന്ദര്യവുമുള്ള കുട്ടി ഉണ്ടാവില്ലെ?" പുഞ്ചിരിച്ചു കോണ്ട് ബര്‍ണാഡ് ഷാ തിരിച്ചു ചോദിച്ചു
"മറിച്ചായാലോ?". ജനിതക എന്‍ജിനിയറിങ്ങിനും ഇത് ബാധകമാണ്‌. ഒരു ചെടിയുടെ ജീനുകളില്‍ കൃത്രിമമായൊരു മാറ്റം വരുമ്പോള്‍ അതെങ്ങിനെ സ്വാധീനിക്കും എന്നത് പൂര്‍ണ്ണമായും മനസ്സിലാക്കുക ദുഷ്കരമാണ്‌, പ്രത്യകിച്ചും നിലവിലുള്ള ജീനുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും മനസ്സിലാക്കിയില്ലെങ്കില്‍. സദുദ്ദേശത്തോടുകൂടി നടത്തുന്ന ഒരു മാറ്റം അത്തരത്തില്‍ മാത്രം പ്രകടമാകണമെന്നില്ല. വിത്തിനങ്ങളിലെ മാറ്റം
ഉദാഹണമായെടുത്താല്‍, കൃത്രിമമായൊരു മാറ്റം അതിന്റെ വരും തലമുറകളിലേക്കു കൂടി പകര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ്‌ ഇതില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും വലിയ അപകടം. അത് കൊണ്ട് തന്നെ ജീവജാലങ്ങളുടെ നിലനില്പിനെത്തന്നെ ഇത്തരം പ്രവര്‍ത്തികള്‍ സ്വാധീനിച്ചു എന്നു വരാം. ഒരു ടെസ്റ്റ് റ്റ്യൂബ് സയന്‍സ്
എന്ന നിലയില്‍ ഇത് അപകടകരമല്ല. പക്ഷെ അതിനു പുറത്തേക്കുള്ള അതിന്റെ വ്യാപനത്തിന്‌ വേണ്ട അറിവ് പൂര്‍ണ്ണമായും ശാസ്തലോകത്തിനില്ല എന്നതാണ്‌ വസ്തുത. മനസ്സിലാക്കിയെടുക്കേണ്ട കാര്യങ്ങളുടെ വ്യാപ്തി വലുതായതിനാല്‍ ഇനിയും വര്‍ഷങ്ങളുടെ കാത്തിരിപ്പു വേണ്ടിയിരിക്കുന്നു. ഒരു ടെസ്റ്റ്റ്റ്യൂബില്‍ ഒരു കോശത്തിന്റെ പഠനത്തിന്‌ അതിന്റേതാതായ പരിമിതികള്‍ ഉണ്ടെന്നതും,ഒരു ജീനിന്‌ ഒന്നിലധികം സ്വഭാവങ്ങളെ
സ്വാധീനിക്കാനാവുമെന്നതും, പരിസ്ഥിതിക്കനുസരിച്ച് ജീനുകളില്‍ ചില വ്യതിയാനങ്ങള്‍ സംഭവിക്കാം എന്ന കണ്ടെത്തലുകളും കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.ജനിതകമാറ്റം വരുത്തിയ വിളകളില്‍ നിന്നുള്ള പരാഗണം മറ്റു കൃഷികളിലേക്കും ബാധിക്കാമെന്നത്‌ മറ്റൊരു ഭീഷിണിയായി പല ശാസ്ത്രജ്ഞരും കരുതുന്നു.




ജനിതകമാറ്റം വരുത്തിയ വിളകളും വിത്തുകളും.
ജനിതക എന്‍ജിനിയറിങ്ങ്‌ ,കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്നതിനുദാഹരണമാണ്‌ ജനിതകമാറ്റം വരുത്തിയ വിളകള്‍ . ജനിതകമാറ്റം വരുത്തിയ വിത്തുകളില്‍ നിന്നുണ്ടാകുന്ന വിളകള്‍ കൂടുതല്‍ പ്രധിരോധശേഷി പ്രകടിപ്പിക്കുന്നതായും, അതു വഴി ഉത്‌പാദനം കൂടുകയും ചെയ്യുന്നതായി അതിന്റെ വക്താക്കള്‍ പറയുന്നു.
തക്കാളിയിലാണ്‌ 1992 -ല്‍ ആദ്യമായി ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടന്നത്. തുടര്‍ന്ന് പരുത്തി, സോയാബീന്‍ തുടങ്ങിയ നിരവധി വിളകളില്‍ ഇത് പരീക്ഷിച്ചു. അമേരിക്കന്‍ ഐക്യനാടുകളും, ഇന്ത്യയും, ചൈനയുമടക്കം നിരവധി രാജ്യങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തിലും ഇത്തരം വിളകള്‍ കൃഷി ചെയ്തു വരുന്നു.
ജര്‍മ്മനിയും, ഫ്രാന്‍സുമടക്കം ആറോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം വിളകളുടെ കൃഷി നിരോധിച്ചിരിക്കുന്നു. കീടങ്ങള്‍ക്ക് ഹാനികരമായ പ്രോട്ടീനുകള്‍ (വിഷ പദാര്‍ത്ഥങ്ങള്‍ ) ഉത്പാദിപ്പിക്കുന്ന ജീനുകളുടെ സന്നിവേശമാണ്‌ ഇവയില്‍ പ്രധാനം. ബാസിലസ് തുറന്‍ജസിക്(BT) ബാക്ടീരിയില്‍ നിന്നുള്ള ജീനുകളാണ്‌ പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം പ്രോട്ടീനുകള്‍ മനുഷ്യരില്‍ ആരൊഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ പല ജീവികളിലും നടത്തിയ പഠനങ്ങളില്‍ ഇത്തരം വിത്തുകള്‍ ഭക്ഷണമെന്ന നിലയില്‍ സുരക്ഷിതമല്ലെന്ന്‌ 'Genetic Roulette' എന്ന പുസ്തകത്തില്‍ ജെഫ്രി സ്മിത്ത് ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കളനാശിനികള്‍ തളിക്കുമ്പോള്‍ വിളകള്‍ നശിച്ചു പോകാതിരിക്കുന്നതിനു സഹായിക്കുന്ന ജീനുകളുടെ സന്നിവേശമാണ്‌ മറ്റൊന്ന്. ഇതിനായി വിത്തുല്പാദിപ്പിക്കുന്ന കമ്പനികള്‍തന്നെയാണ്‌ ഇത്തരം
കളനാശിനികളും വിപണിയിലെത്തിക്കുന്നത്. മൊണ്‍സാന്റോ എന്ന കമ്പനിയുടെ "Round Up" ആണ്‌ ഇതില്‍ പ്രധാനം. വിറ്റാമിനുകളാല്‍ സമ്പുഷ്ടമാക്കിയ വിളകളാണ്‌ മറ്റൊന്ന്. വിറ്റമിന്‍ "എ" സംമ്പുഷ്ടമായ നെല്‍ വിത്തുകള്‍ 2012 -ല്‍ വിപണിയിലെത്തുമെന്നു കരുതുന്നു.

ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദനക്ഷമതയും രോഗപ്രതിരോധശക്തിയും

വളരെയധികം വിവാദങ്ങളുള്ള മേഖലയാണിത്. ഇപ്പോള്‍ പ്രചാരത്തിലുള്ള ജനിതകമാറ്റം വരുത്തിയ വിളകളില്‍ ഉത്പാദനം കൂട്ടുന്നുതിനായുള്ള ജനിതക മാറ്റങ്ങളല്ല നടത്തിയിട്ടുള്ളതെന്നാണ്‌ ഏറ്റവും ശ്രദ്ദേയമായ കാര്യം. കീടങ്ങള്‍ക്കെതിരായ പ്രധിരോധശക്തി വര്‍ദ്ധിപ്പിക്കാനുതകുമാറ് , ബി.ടി പ്രോട്ടീനുകള്‍ ഉദ്പാദിപ്പിക്കുന്നതിന്‌ സഹായകമായ ജീനുകളും കളനാശിനികളെ പ്രധിരോധിക്കാനുമുള്ള ജീനുകളുമാണ് ഇന്ന് പ്രധാനമായും
പരീക്ഷിച്ചിട്ടിള്ളത്. 1999 -ല്‍ ഓര്‍ഗനിക് സെന്റര്‍ നടത്തിയ പഠനത്തില്‍, 8200 -ല്‍ പരം
പരീക്ഷണങ്ങളില്‍ സോയാബീന്റെ ഉത്പാദനത്തില്‍ 5.3% ത്തിന്റെ കുറവാണ്‌ രേഖപ്പെടുത്തിയത്. അതേ സമയം 2 മുതല്‍ 5 വരെ കൂടുതല്‍ കളനാശിനി ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. 2008 ലെ Soil Association ന്റെ പഠനങ്ങളും ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉത്പാദനം കൂട്ടുന്നതായി കണ്ടെത്തിയില്ല. 2009 -ല്‍ Union of Concerned Scientists നടത്തിയ പഠനം സോയാബീനിലും ചോളത്തിലുമുള്ള അമേരിക്കയുടെ ഉത്പാദനശേഷിയുടെ വര്‍ദ്ധനവില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് ദേശീയ തലത്തില്‍ വലിയ
മാറ്റങ്ങളുണ്ടാക്കാനായില്ലെന്ന് വിലയിരുത്തി. അതേ സമയം മറ്റു രീതികളിലുള്ള കൃഷിരീതികള്‍ ഉത്പാദനശേഷിയുടെ വര്‍ദ്ധനക്കായി കൂടുതല്‍ സംഭാവകള്‍ നല്‍കിയതായും കണക്കാക്കി. 2010 -ലെ പഠനങ്ങളില്‍ വികസിത രാജ്യങ്ങളില്‍ 6% -ഉം അവികസിത രാജ്യങ്ങളില്‍ 26% വും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പരുത്തികൃഷില്‍ 60% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടത്രേ!.കീടങ്ങള്‍ ക്രമേണ ഇത്തരം വിത്തുകള്‍ക്കെതിരെ പ്രതിരോധം ആര്‍ജ്ജിക്കുന്നതായും , കളനാശിനികള്‍ ഇത്തരം വിളകളില്‍ നിന്നുള്ള പരപരാഗണം വഴി പ്രതിരോധം ആര്‍ജ്ജിക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നു.വികസ്വര രാജ്യങ്ങളിലെ ഉയര്‍ന്ന ഉത്പാദനവും, ഗവേഷകരും, വിവിധ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥരും തമ്മിലുള്ള അവിഹത ബന്ധത്തിനെക്കുറിച്ച് പി. സായ്നാഥിന്റെ മുന്നറിയിപ്പുകളും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇത്തരം വിത്തിനങ്ങള്‍ കുത്തകകളുടെ ബൗദ്ധിക സ്വത്തുക്കളായതിനാല്‍.


കോര്‍പ്പറേറ്റുകളും കര്‍ഷകനും ജനിതക വിത്തുകള്‍.
ജനിതക മാറ്റം നടത്തിയ വിത്തുകളുടെ ആരംഭം തന്നെ കാലിഫോര്‍ണിയന്‍ കമ്പനിയായ 'Calgene' യില്‍ നിന്നായിരുന്നു. Flavr Savr എന്ന് നാമകരണം ചെയ്യപ്പെട്ട തക്കാളിയില്‍ക്കൂടിയായിരുന്നു ഇത്തരം വിത്തുകളുടെ ജനനം,1992-ല്‍. എന്നാല്‍ വിപണിയില്‍ പരാജയപ്പെട്ട ഈ പരീക്ഷണങ്ങള്‍ക്കു ശേഷം ഈ കമ്പനി മൊണ്‍സാന്റൊയില്‍ അലിഞ്ഞില്ലാതായി. അമേരിക്കന്‍ കമ്പനിയായ മൊണ്‍സാന്റൊയാണ്‌ ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന 90% ജനിതക മാറ്റം നടത്തിയ വിത്തുകളുടേയും വിപണി കൈയടക്കിയിട്ടുള്ളത്. ഈ കുത്തക നിലനിര്‍ത്തുന്നത് അവര്‍ സമ്പാദിച്ച പേറ്റന്റുകളിലൂടെയും ഇത്തരം വിത്തുകളില്‍ നടത്തുന്ന വന്ധ്യംകരണത്തിലൂടെയുമാണ്‌. (വന്ധ്യംകരണം ജീനുകളില്‍ മാറ്റം വരുത്തിത്തന്നെയാണ്‌ ചെയ്യുന്നത് ). വന്ധ്യംകരണം ചെയ്യപ്പെട്ട വിത്തുകള്‍ അന്തകവിത്തുകള്‍ എന്ന് അറിയപ്പെടുന്നു. ഇത്തരത്തില്‍ വന്ധ്യംകരണം ചെയ്തതിനാല്‍ വിത്തുകളില്‍ നിന്നുണ്ടാകുന്ന വിളകളില്‍ നിന്ന് വിത്തുത്പാദനം അസാധ്യമായിരിക്കുന്നു. അത് കര്‍ഷകനെ കുത്തകളെത്തന്നെ വിത്തുകള്‍ക്ക് വേണ്ടി സമീപിക്കാനുള്ള സാഹചര്യമൊരുക്കുന്നു.
ഏവരും നല്ലൊരു വരള്‍ച്ചയെ ഇഷ്ടപ്പെടുന്നു എന്ന തന്റെ പുസ്തകത്തില്‍ ഇന്ത്യയില്‍ എങ്ങിനെയാണ് കര്‍ഷകര്‍ കടക്കെണിയില്പ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് അടിമപ്പെടുന്നതെന്ന് വരച്ചു കാട്ടിയിട്ടുണ്ട്. അന്തകവിത്തുകള്‍ മറ്റൊരു അടിമത്തം കൂടി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഉത്‌പാദനശേഷി കൂടുന്നത് കൊണ്ട് കര്‍ഷകന്‌ കൂടുതല്‍ ലാഭമുണ്ടാകുന്നു എന്നൊരു മറു വാദവുമുണ്ട്. എന്നാല്‍ മൊണ്‍സാന്റോയുടെ കാര്‍മ്മികത്തില്‍ നടക്കുന്ന പഠനങ്ങളിലും, ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലെ പഠനങ്ങളിലും മാത്രമേ‌ ഉത്‌പാദനശേഷി കൂടുന്നതായി രേഖപ്പെടുത്തുന്നുള്ളൂ എന്നത് ഈ വാദത്തിന്‌ മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. വിദര്‍ഭയില്‍ നിന്ന് ഉയര്‍ന്നുകേട്ട ആത്മഹത്യ കണക്കുകള്‍ ഈ ആശങ്കക്ക് അടിവരയിടുകയും ചെയ്യുന്നു.
ഇത്തരമൊരു അവസ്ഥ ഈ സാങ്കേതിക വിദ്യയും, അതിന്റെ പഠനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാറ്റപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.


ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ .
ഇന്ത്യയില്‍ പ്രധാനമായും പരുത്തിമാത്രമാണ്‌ ഔദ്യോഗികമായി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ജനിതകമാറ്റം വരുത്തിയ മറ്റു വിളകള്‍ പലയിടങ്ങളിലും കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു. 2005ലാണ് ബിടി പരുത്തിയുടെ
വാണിജ്യാടിസ്ഥാനത്തിലുള്ള പ്രയോഗം ഇന്ത്യയില്‍ ആരംഭിച്ചത്. എന്നാല്‍ വ്യാപകമായ എതിര്‍പ്പുകളെത്തുടര്‍ന്ന് ബിടി വഴുതനങ്ങയുടെ ഉപയോഗത്തിന്‌ കേന്ദ്രസര്‍ക്കാര്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്‌.

വിവാദങ്ങളും നിയമക്കുരുക്കളും
ജനിതക മാറ്റം വരുത്തിയ വിളകള്‍ തുടക്കം മുതല്‍തന്നെ വ്യാപകമായ പ്രധിഷേധം വിളിച്ചു വരുത്തിയിരുന്നു. പരിസ്ഥിതി വാദികളോടൊപ്പം തന്നെ ധാരാളം ജനിതക ശാസ്ത്രജഞരും ജനിതക എന്‍ജിനിയറിങ്ങിനെതിരെ അണിനിരന്നു. കത്തോലിക്കാ സഭയുടെ ഇടപെടലാണ്‌ മറ്റൊന്ന്‌.ജനിതക എന്‍ജിനിയറിങ്ങ്‌ മനുഷ്യന്റെ ദൈവം കളിയായി സഭ വ്യാഖ്യാനിച്ചു. ക്ലോണിങ് പരീക്ഷ്ണങ്ങള്‍ എതിര്‍പ്പുകളെ മൂര്‍ധന്യത്തിലെത്തിച്ചു. പല രാജ്യങ്ങളും പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കഴിഞ്ഞു. അമേരിക്കയില്‍ 2010 -ല്‍ ജനിതക മാറ്റം വരുത്തിയ Alfalfa(പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു തരം കാലിത്തീറ്റച്ചെടി)ന്റെയും, മധുരക്കിഴങ്ങിന്റേയും കൃഷി കോടതി നിരോധിക്കുകയുണ്ടായി.

ഉപസംഹാരം


ജനിതക എന്‍ജിനിയറിങ്ങ്‌ അനന്തമായ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍ ഈ സാങ്കേതിക വിദ്യയയുടെ ‌തെറ്റായ പ്രയോഗത്തിന്‌ ജീവജാലങ്ങള്‍ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാക്കാന്‍ തന്നെ ശക്തിയുണ്ട്. ഏതൊരു സാങ്കേതിക വിദ്യക്കും ഒരു നിശ്ചിത പരാജയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ജനിതക എന്‍ജിനിയറിങ്ങില്‍ ഇത്തൊരൊമൊരു പരാജയം, അത് വരും തലമുറകളിലേക്കും പടരുമെന്നതിനാല്‍, അനുവദനീയമല്ലതന്നെ. അതിനാല്‍ പൂര്‍ണ്ണമായ അറിവോ, നിര്‍മ്മാണത്ത്ലെ കൃത്യതയോ അവകാശപ്പെടാ ത്തിടത്തോളം ഇത്തരം പഠനങ്ങള്‍ പരീക്ഷണശാലകള്‍ക്കകത്തു മാത്രമേ തുടരാവൂ. എന്നാല്‍ അവ തുടരുകയും, അതിന്റെ കടിഞ്ഞാണ്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും വേണം. അതുവരെ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരായ നിലപാടുകള്‍ എല്ലാം അന്ധവിശ്വാസമെന്നു കരുതുക വയ്യ.

2 comments:

  1. അഭിനന്ദനങ്ങള്‍ സുഹൃത്തേ,
    ഇത്രയും വിശദമായ പോസ്റ്റിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചതിന്.
    ആരെങ്കിലും എഴുതണം എന്ന് കരുതിയ പലതും ഇതില്‍ പറഞ്ഞു കഴിഞ്ഞു. ഇനി ഇതിനപ്പുറം സംശയങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ മതിയല്ലോ പുതിയ പോസ്റ്റ്‌.
    ഈ യുദ്ധത്തില്‍ തോല്‍വിക്കുള്ള വിദൂര സാധ്യത പോലും നമുക്ക് അംഗീകരിക്കാന്‍ ആവില്ല എന്നാതാണ് ഒരു പ്രധാന പ്രശ്നം.
    ജി.എം വിളകള്‍ വന്നാല്‍ പിന്നെ വിളകളില്‍ ജി.എം എന്നോ ജി.എം അല്ലാത്തതെന്നോ എന്ന വ്യത്യാസം ഉണ്ടാവില്ല.
    അത് ബഹുസ്വരത അംഗീകരിക്കുന്നില്ല എന്നതാണ് അതിലെ താത്വിക പ്രശ്നം. അത് ഈ കമ്യൂണിസ്റ്റുകാരും കാണാതെ പോവുന്നു.
    വൈരുദ്ധ്യത്തില്‍ നിന്നും കൂടുതല്‍ മികച്ച പിറവി ഉണ്ടാവും എന്ന മാര്‍ക്സിയന്‍ ദര്‍ശനം കൂടുതല്‍ സാധ്യമാവുക ജി.എം കൃഷിയിലാണോ ജൈവകൃഷിയിലാണോ എന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതല്ലേ?

    ReplyDelete
  2. താങ്കളെ എനിക്ക് അറിയില്ല spartacus,ഇത് വരെ താങ്കളുടെ ഒരു പോസ്റ്റും വായിച്ചിട്ടും ഇല്ല..പക്ഷെ ഇത്ര വിശദമായി ഈ വിഷയത്തില്‍ ഒരു ലേഖനം ഞാന്‍ ആദ്യമായാണ്‌ കാണുന്നത്..ഈ വിഷയത്തില്‍ ഒട്ടും പരിജ്ഞാനം എനിക്ക് ഇല്ലായിരുന്നു..ഇത്രയും ലളിതമായ രീതിയില്‍ അത് പറഞ്ഞു തന്നതിന് വളരെയേറെ നന്ദി.. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ "ശിഥില ചിന്തകള്‍ " എന്ന ബ്ലോഗില്‍ ജനിതക വിളകളെ കുറിച്ച് ഒരു പോസ്റ്റ്‌ വായിക്കാന്‍ ഇടയായി.എല്ലാ വിഷയത്തിലും എന്നത് പോലെ ഈ വിഷയത്തിലും വേറിട്ടതും സമൂഹ ചിന്തക്ക് വിപരീതവും ആയ കുറെ അഭിപ്രായ കോലാഹലം ആണ് ആ പോസ്റ്റ്‌. .പരിസ്ഥിതി എന്നത് മനുഷ്യന് തോന്നും പോലെ വലിച്ചു കീറി രസിക്കാനും സ്വന്തം ജീവിതം നന്നാക്കാനും ഉള്ള എന്തോ ഒന്നനാണ് ശ്രീ .സുകുമാരന്..അദ്ദേഹം ഈ പോസ്റ്റ്‌ വായിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് വായിച്ചു അന്ജത അകറ്റി ഒരു യഥാര്‍ത്ഥ മനുഷ്യ സ്നേഹി ആകട്ടെ എന്ന് പ്രത്യാശിക്കുന്നു..ഒരിക്കല്‍ കൂടി നന്ദി spartacus ......

    ReplyDelete