Sunday, September 22, 2013

വീണ്ടും ചില ഭാഷാ ചിന്തകൾ......

           ഭാഷയെക്കുറിച്ച് ഫേസ് ബുക്കിലോ പ്ലസ്സിലോ തൂടങ്ങിയ ഒരു സംവാദമാണ് ഈ കുറിപ്പെഴുതാൻ  പ്രേരകം. ഈ സംവാദത്തിന് തുടക്കം കുറിച്ചത് കേരള സർക്കാർ ഇറക്കിയ മലയാളപഠനം സർക്കാർ ജോലിക്ക് നിർബന്ധമാക്കണമെന്ന ഉത്തരവും അതിനെത്തുടർന്ന് പലരും പങ്കുവെച്ച ആശങ്കകളുമാണ്. അതിനു മുൻപു തന്നെ പലപ്പോഴായി ഉയർന്നു വന്ന ചില സന്ദേഹങ്ങളും ചേർത്ത് മറുപടി ഒരു കുറിപ്പായി അവതരിപ്പിക്കുന്നു. ഭാഷക്കു നൽകുന്ന പിന്തുണ എന്നാൽ എപ്പോഴും ഭാഷാടിസ്ഥാനത്തിലുള്ള ദേശീയതയാണെന്ന്  തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.ദേശിയത മാത്രമാണോ ഭാഷയുടെ അളവുകോൽ?

          സത്യത്തിൽ എന്താണ് ഭാഷ? ഒരു ഭാഷ എങ്ങിനെയാണ് കുട്ടി പഠിച്ചെടുക്കുന്നത്? മാതൃഭാഷയെന്ന ഒന്നുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്? അതാരു തീരുമാനിക്കും?  ബോധന മാധ്യമം ഏതുഭാഷയാകുന്നതാണ് നല്ലത് ? എന്തുകൊണ്ട്? ഭാഷയും ചിന്തയും തമ്മിലുള്ള ബന്ധമെന്ത്? ഏതെങ്കിലും ഭാഷ മറ്റൊന്നിനേക്കാൾ മെച്ചമാണോ? ഇത്രയും ഭാഷകൾ ആവശ്യമുണ്ടോ? ഏതെങ്കിലും ഒരു ഭാഷ ഉപയോഗിക്കുന്നതല്ലേ നല്ലത്?ആശയവിനിമയം മാത്രമല്ലേ ഭാഷക്ക് ചെയ്യാനുള്ളത്? അതിത്ര സങ്കീർണ്ണമാണോ?  ഭാഷക്ക് രാഷ്ട്രീയമുണ്ടോ ?

         ഭാഷയെന്നത് എന്ത് എന്നതിനെക്കുറിച്ച് വിഷയത്തിന്റെ സങ്കീർണ്ണത കൊണ്ടു തന്നെ പല വീക്ഷണ കോണുകളുമുണ്ട്. ചോസ്കിയുടെ സിദ്ധാന്തങ്ങളെ പിൻപറ്റിയാണ് ഈ കുറിപ്പെന്നതിനാൽ അദ്ദേഹത്തിൽ നിന്നു തന്നെ തുടങ്ങാം. ചോംസ്കി തന്റെ പ്രസിദ്ധമായ 'സിന്റാക്ടിക് സ്ട്രകച്ചേഴ്സ്' എന്ന് പുസ്തകത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു. " Language is a set (finite or infinite) of sentences, each finite in length, and constructed out of a finite set of elements" .   കേരള പാണിനീയത്തിൽ എ ആർ രാജരാജ വർമ്മ ഭാഷയെ നിർവ്വചിക്കുന്നത് "ഭാഷയെന്നാൽ ഒരുവന്റെ മനസ്സിലുള്ള വിചാരത്തെ മറ്റുള്ളവന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിന്നുള്ള ഉപായമാകുന്നു" എന്നാണ്. ലിയാനോൾഡ് ബ്ലൂഫീൽഡാകട്ടെ ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള ഭാഷണത്തെ മൊത്തമായി ഭാഷയായി ദർശിക്കുമ്പോൾ അരിസ്റ്റോട്ടിൽ അതിനെ മാനസികാനുഭവങ്ങളുടെ പ്രതിനിധീകരണമായി കാണുന്നു.  ഗിംസൺ സമൂഹത്തിലുപയോഗിക്കുന്ന സമ്പ്രദായിക സൂചക വ്യവസ്ഥയായാണ് ഭാഷയെ കാണുന്നതെങ്കിൽ വാറ്റ് മോഗ് ഭാഷ മാനുഷികവും, വാചികവും, ചിട്ടയാർന്ന പ്രതീക വ്യവസ്ഥയായും, വിജ്ഞാന സംക്രമണോപാധിയായും, സാമൂഹിക ഇടപെടലുകളുടെ വ്യവസ്ഥാപിത രൂപമായും കാണുന്നു.  ഭാഷ വെറും ഒരു വിനിമയോപാധി മാത്രമല്ലെന്നും അതിനു പുറത്തുള്ള പ്രസക്തി അതിനുണ്ടെന്നും ഈ വിശേഷണങ്ങളിൽ നിന്ന് വ്യക്തമാണ്.

        മറ്റു ജീവികളിലും ആശയ കൈമാറ്റം നടക്കാറുണ്ടെങ്കിലും അതൊന്നും ഭാഷയായി കണക്കാക്കാറില്ല. സ്വയം നിലനിൽക്കുക, വംശം നിലനിർത്തുക എന്നിവക്കല്ലാതെ മറ്റൊന്നിനും അവ ഉപയോഗിക്കാറില്ല.  വർഷങ്ങൾക്ക് മുൻപ് കോഴി കൂവിയതിൽ നിന്ന് വ്യത്യസ്ഥമായി  ആധുനിക കൊഴി കൂവുന്നില്ലെന്നും, ഇന്ത്യൻ കോഴി കൂവുന്നതിൽ നിന്ന് വ്യത്യ്സ്ഥമായി ജപ്പാനിലെ കോഴി കൂവുന്നില്ല എന്നും നിരീക്ഷിക്കാവുന്നതാണ്. അത് കൊണ്ടാണ് ഭാഷ മാനുഷികമാണ് എന്ന നിരീക്ഷണവും. 
        മാനുഷികമായ എന്തും അധികാരത്തിന്റെ, അസമത്വത്തിന്റെ, വർഗ്ഗപരവും ലിംഗപരവും,വംശീയവും ജാതീയവുമായ വിവേചനങ്ങളുടെ ഭൂമികയയാണ്. അതുകൊണ്ട് തന്നെയാണ് അതിന്റെ വായനയിൽ  നിന്ന് അതിന്റെ രാഷ്ട്രീയത്തെ മാറ്റി നിർത്തുക എന്നത് അസാധ്യമാകുന്നതും.  അടുത്ത് കണ്ട ഭാഷാ സംബന്ധിയായ പല ചർച്ചകളിലും കാണുന്ന ഒരു ന്യൂനത അവയിൽ നിലനില്പിന്റെ ഉപകരണം എന്ന  പ്രസക്തി ബൌദ്ധികവ്യഹാരങ്ങൾക്ക് അത് നല്കുന്ന സാധ്യതയെ മുൻ നിർത്തി റദ്ദ് ചെയ്യപ്പെടുന്നു എന്നതാണ്.ഇവിടെ നിലനില്പിന്റെ ഉപയോഗം  എന്നപ്രയോഗം കേവല ഉപയുക്തത എന്നതിൽനിന്ന് വേർപെടുത്തി വായിക്കേണ്ടതുണ്ട്. ഇംഗ്ളിഷ് എന്ന ഭാഷ ( അല്ലെങ്കിൽ അത്തരം ഏത് പഠിച്ചാൽ 'ഗുണ'മുള്ള ഭാഷയും) ഒരാൾക്ക് തന്റെ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ആർജിക്കാം. പക്ഷേ അവനെ അത്തരം ഒരു തിരഞ്ഞെടുപ്പിന് പ്രാപ്തനാക്കുന്നത് അവന്റെ മേധാശക്തി മാത്രമാണോ?അതിനു പുറത്തുള്ള മതപരവും, ജാതീയവും, വംശീയവും,വർഗീയവും, ലിംഗപരവും,ആയ സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളില്ലേ?ആ കാരണങ്ങൾ മുന് നിർത്തിയാണ് മാതൃ ഭാഷ നിലനില്പ്പിന്റെ, അതിലും ഉപരി ചെറുത്ത് നില്പ്പിന്റെ ഭാഷയാകുന്നത് എന്ന് വിശാഖ് ശങ്കർ, ഫേസ് ബുക്കിൽ കുറിക്കുന്നു.       

        ഭാഷയെ സൃഷ്ടിക്കാനും ഉപയോഗിക്കാനുമുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. മനുഷ്യൻ സംസ്കാരത്തെ പഠിക്കുന്നത് ഭാഷയിലൂടെയാണ്. സംസ്കാരം പ്രചരിക്കുന്നത് ഭാഷയിലൂടേയും. ലോകത്തെ ഭാഷകളുടെ ഉപയോഗത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. 6000 ത്തോളം ഭാഷകളിൽ 95% ജനങ്ങളും 100 ൽ താഴെവരുന്ന ഭാഷകളാണ് സംസാരിക്കുന്നത്.ബാക്കി ഭാഷകളെല്ലാം വംശനാശ ഭീഷിണിയിലാണ്. ഈ വംശനാശം സ്വാഭാവികമല്ലേ? അതിൽ വ്യാകുലപ്പെടേണ്ടതുണ്ടോ?  എന്നതാണ് ഭാഷ ചർച്ചകളിലുയരുന്ന വാദം.

        ഓരോ ഭാഷക്കും ഓരോ ചിന്താരീതിയുണ്ട്. ഒരു ചിന്താരീതിയാണ് ഒരു ഭാഷയുടെ മരണത്തോടെ ഇല്ലാതാകുന്നത്.ഓരോ ഭാഷയും ഓരോ അനുഭവമാണ്.   "ലൈറ്റു കണ്ടുപിടിച്ച ദിവസം ലോകത്തെ മറ്റെല്ലാ ചിമ്മിണിവെട്ടങ്ങളും ആരുമൊന്നും ചെയ്യാതെ തന്നെ ജ്ഞാന ശാസ്ത്ര പ്രകാരം റദ്ദു ചെയ്യ പ്പെടുന്നുണ്ട്. പക്ഷേ ഇവ തമ്മിലുള്ള അനുഭവപരമായ അകലം ഒറ്റപ്പെട്ട ആ ആലക്തികദ്യുതികളുടെ വിജയവെളിച്ചത്താൽ മാത്രം അഭിസം ബോധന ചെയ്യപ്പെടേണ്ടതാണോ" ( ബീലു. സി നാരായണൻ, ഫേസ് ബുക്ക്) എന്ന മറുചോദ്യത്തിൽ നമുക്കതിനുത്തരം തേടാം. ഭാഷകളുടെ മരണം യൂണിഫോമുടുപ്പിച്ച അനുഭവങ്ങളുടെ ഊഷരഭൂമിയിലേക്കുള്ള യാത്രയായിരിക്കണം.

        ഭാഷ ഒരു വ്യക്തി സ്വാംശീകരിക്കുന്നത് എങ്ങിനെയെന്നറിയാൻ, ഭാഷ എന്നത് ഉൾക്കൊള്ളുന്നത് എന്തിനെയോക്കെയാണെന്നും ഈ അറിവ് ജനിച്ചു വീണ ഒരു കുട്ടിയിലേക്ക് എങ്ങിനെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതും , ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന അറിവ് എങ്ങിനെയാണ് ഉപയോഗിക്കപ്പെടുന്നതെന്നും പരിശോധിക്കപ്പെടണം.  എന്നാൽ മാത്രമേ ഭാഷകളെ സംബന്ധിച്ച, അതിന്റെ പ്രയോഗങ്ങളെ പിൻപറ്റിയുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂ..  ഭാഷ എന്നത് നിയതമായ നിയമസംഹിതകൾക്ക് പുറത്തു നിൽക്കുന്നു എന്ന കാരണത്താൽ ശാസ്ത്രീയമായ പഠനങ്ങൾക്ക് ഭാഷ എന്നതിലുപരിയായി കുറേക്കൂടി മൂർത്തമായ  അതിന്റെ വ്യാകരണത്തെയാണ് പഠന വിധേയമാക്കുന്നത്.  വ്യാകരണത്തിന് പുറത്ത് ഭാഷയ്ക്കുള്ള പ്രകടമായ സമ്പത്ത്  ആ ഭാഷ ഉൾക്കൊള്ളുന്ന പദസമുച്ചയമാണ്. അതാകട്ടെ ആവശ്യാനുസരണം നിർമ്മിക്കപ്പെടുന്നതും കടം കൊള്ളുന്നതും.

 വ്യാകരണമെന്നത് ഒരു ഭാഷയിലെ നിയമസംഹിതയാണ്. എല്ലാ ഭാഷകൾക്കും തനതു വ്യാകരണമുണ്ട്. സൂക്ഷ്മ തലത്തിൽ അവ വ്യത്യസ്തങ്ങളുമാണ്, . ഭാഷകളെ മൊത്തമായും ഏകമാന വീക്ഷണ കോണിൽ നിന്ന് അപഗ്രഥിക്കാനുള്ള ശ്രമം നടത്തിയത് ആധുനിക ഭാഷാ ശാസ്ത്രഞരാണ്, ചോസ്കി, ഫ്രഞ്ച് തത്വചിന്തകനും ഗണിതകാരനുമായ അന്റണി അർണോൾഡ്, ഫ്രഞ്ച് ശാസ്ത്രജ്ഞനുമായ  ക്ലോഡ് ലാൻസ്ലെ,(Claude Lancelot) എന്നിവർ. അർനോൾഡും ലാൻസ്ലേയും  വ്യാകരണമെന്നത് വെറും മാനസിക വ്യാപാരം മാത്രമാണെന്നും അതിനാൽ അത് സാർവ്വലൗകിക മാണെന്നും അഭിപ്രായപ്പെടുന്നു(പോർട് റൊയൽ ഗ്രാമർ-1660). ചോംസ്കിയുടെ Cartesian Linguistics: A Chapter in the History of Rationalist Thought എന്ന കൃതിയും മുന്നോട്ടു വെക്കുന്ന ആശയങ്ങൾ വിഭിന്നമല്ല. ഈ ചിന്തകളാണ് സാർവ്വലൗകിക വ്യാകരണം(universal grammar) എന്ന സംജ്ഞയുടെ പിറവിക്ക് നിദാനം. ലാങ്വേജ് സ്റ്റ്രക്ച്ചെഴ്സ് എന്ന അദ്ദേഹത്തിന്റെ കൃതി ഇതിനു പരസ്പര പൂരകമായി വർത്തിക്കുന്നു. ഭാഷയുടെ വ്യാകരണമെന്നത് അടിസ്ഥാനപരമായി ഭാഷയുടെ ഘടനയാണ്. എല്ലാ ഭാഷകളിലും കാണുന്ന ഭാഷയുടെ ഘടനയുടെ ഏകീകരണം വഴി, അതിനു പിന്നിലെ ചിന്തയെ അപനിർമ്മിക്കാനാകുന്നു എന്നതാണ് ഈ അപഗ്രഥന രീതിയുടെ മെച്ചം.   ഭാഷയുടെ ഘടനയെ  ആഴത്തിലുള്ള ഘടന(Deep Structure), ഉപരിപ്ലവമായ ഘടന(Surface Structure) എന്നിങ്ങനെ ഇവർ തരം തിരിക്കുന്നു.  അതുപോലെ ഭാഷയെ അകംഭാഷ(inner -language), പുറം ഭാഷ(outer-language) എന്ന നിലയിലും തരം തിരിക്കുന്നു. ഇത് വാക്യത്തേയും  (മാനസിക വ്യാപാരത്തേയും) അതിന്റെ പ്രതിപാദനത്തേയും(ഉദാ: ഉച്ചാരണം)  വേർതിരിച്ചു കാണുന്നതിന്ന് സഹായകമായി വർത്തിക്കുന്നു.

        ആഴത്തിലുള്ള ഘടന എന്നത് മാനസികമായി (ചിന്തയിൽ) രൂപപ്പെടുന്ന ഒന്നായതിനാൽ അത് പലപ്പോഴും ഭാഗികമായി മാത്രമേ പ്രകടിക്കപ്പെടുന്നുള്ളൂ. അത് മനസ്സിൽ മാത്രം രേഖപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ അതിന്റെ പ്രകാശനമെന്നത് പല ഭാഷയിലും വിവിധ തരത്തിൽ അടയാളപ്പെടുത്താനാകും. 'Yet too Brutus' എന്ന് ഇംഗ്ലീഷിൽ പറയുന്നത് തന്നെയാണ്, 'ബ്രൂറ്റസ്സേ നീയും' എന്ന് മലയാളത്തിൽ രേഖപ്പെടുത്തുന്നതും.

 ആഴത്തിലുള്ള ഘടനക്കു അതിനെ നമുക്ക് പരിചിതമായ ഭാഷയിലേക്ക് പരിവർത്തനം ചെയ്യാൻ തലച്ചോറിൽ ഒരു പരിഭാഷാ വ്യവസ്ഥയു നിലനിക്കുന്നതായി പോർട്ട് റോയൽ ഭാഷാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

 സാർവലൗകിക വ്യാകരണമെന്നത് ആഴത്തിലുള്ള ഘടനയെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. . ചിന്തയുടെ നേർക്കാഴ്ചയാണ് ഈ വ്യാകരണം എന്നതിനാൽ അത് നിലവിൽ ലോകത്തുള്ള എല്ലാ ഭാഷകൾക്കും  പൊതുവായ ഒന്നുമാണ്. അതു കൊണ്ട് തന്നെയാണ് സാർവലൗകിക വ്യാകരണമെന്ന സംജ്ഞയും. ഉപരിപ്ലവമായ ഘടനയിലേക്കുള്ള പരിവർത്തനം ഓരോ ഭാഷക്കും വ്യത്യസ്ഥമാണ്.. പക്ഷെ വ്യത്യസ്ഥമായ ഔട്ട് പുട്ടുകൾക്കും പൊതുവായ ആന്തരികഘടന (ആഴത്തിലുള്ള ഘടന അഥവാ സാർവലൗകിക വ്യാകരണം) ആണുള്ളത് എന്നും തിരിച്ചറിയേണ്ടതുണ്ട്.   അതു പോലെത്തന്നെ ഒരേ ഭാഷയിൽ പല രൂപത്തിൽ ഇത് രേഖപ്പെടുത്തപ്പെടുത്തപ്പെടാം ( ഉദാ: active/passive voice അഥവാ കർത്തിരി/ കർമ്മിണി പ്രയോഗങ്ങൾ)

        എന്നാലിന്ന് പൊതുവേ സാർവലൗകിക വ്യാകരണമെന്നത് അതിന്റെ പ്രാഥമികാവസ്ഥയെ മാത്രം പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്.  അത് ജൈവികമായ ഒന്നാണ്. അത് ജന്മനാ കൈമറ്റം ചെയ്യപ്പെടുന്ന വ്യാകരണ നിയമമാണെന്ന് 'ലാങ്വേജ് ഇൻസ്റ്റിങ്ട്' എന്ന പുസ്തകത്തിൽ പിങ്കർ നിരീക്ഷിക്കുന്നു. അത് ഏതെങ്കിലും ഭാഷയുമായി ബന്ധപ്പെട്ടതുമല്ല. അത് ഏതെങ്കിലും ഭാഷയിലെ സാർവ്വലൗകികതയുമായി ബന്ധപ്പെടുന്നതല്ലെന്നും ജാക്കെൻഡോഫ് നിരീക്ഷിക്കുന്നു. അത് മനുഷ്യന്റെ ഒരു ഭാഷയെ(ഒരു കുട്ടിയുടെ ശൈശവത്തിൽ സ്വാംശീകരിക്കുന്ന ആദ്യഭാഷ)
 ഉദ്ദിപനങ്ങൾക്കനുസരിച്ച് വികസിപ്പിക്കാനുള്ള കഴിവിനെക്കുറിക്കുന്നതു മാത്രമാകുന്നു.


             സാർവലൗകിക വ്യാകരണമെന്നത് ജൈവികമാണെന്നും ജന്മനാ കിട്ടുന്നതുമാണെന്ന നിരീക്ഷണം കൊണ്ട് അത് ഭ്രൂണാവസ്ഥയിൽ കുടികൊള്ളുന്നുണ്ടെന്നോ, ജന്മ സമയത്ത് അത് നിലനിൽക്കുന്നുണ്ടന്നോ എന്നൊന്നും അർത്ഥമില്ല. അത് സ്വയമേവ കുട്ടികളിൽ പ്രത്യക്ഷപ്പെടുന്നു എന്നുമാത്രമാണ് വിവക്ഷ. അത് ചുറ്റുപാടുകളിൽ നിന്ന് സ്വതന്ത്രമാണ് എന്നും വിവക്ഷിക്കേണ്ടതില്ല. (ഉദാ: കാഴ്ച). ആഴത്തിലുള്ള ഘടന/ ഉപരിപ്ലവമായ ഘടന എന്നത് ഭാഷയുടെ സർഗ്ഗാത്മകതയെ വിശദീകരിക്കുവാൻ സഹായിക്കുന്നു.  ആഴത്തിലുള്ള ഘടന ഒന്നായിരിക്കുമ്പോൾ തന്നെ അതിനെ പല ഉപരിപ്ലവ ഘടനയിലേക്കും പരിവർത്തനം ചെയ്യാൻ പറ്റും എന്നുള്ളത് സർഗ്ഗാതതകത എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുന്നു. ഒരു വാചകം എഴുതപ്പെടുമ്പോഴോ പറയപ്പെടുമ്പോഴോ ആഴത്തിലുള്ള ഘടനയിൽ രേഖപ്പെടുത്ത ഒരു ചിന്ത അടയാളപ്പെടുത്തുകയാണ് ചെയ്യപ്പെടുന്നത്. വിഭിന്നങ്ങളായ ഭാഷയുടെ പ്രയോഗം കാണിക്കുന്നത് , ഒരാളിൽ അന്തർലീനമായ വ്യാകരണ നിയമങ്ങളുടെ സാധ്യതകളെക്കുറിച്ചാണെന്ന് Patterns in the Mind: Language and Human Nature എന്ന പുസ്തകത്തിൽ ജാക്ക്ൻഡ്രോഫും ചൂണ്ടിക്കാണിക്കുന്നന്നുണ്ട്.  ഒരു ഭാഷയിലെ വാക്യം മനസ്സിലാകുന്നതിന് അതിന്റെ സ്വാഭാവികമായ ഘടന അല്ലെങ്കിൽ ബാഹ്യഘടന തിരിച്ചറിയണം. അതിൽ നിന്ന് അതിന്റെ ആന്തരിക ഘടനയും വാക്കുകളും വേർതിച്ചെടുക്കണം. അതിൽ നിന്ന് അതിന്റെ അർത്ഥം നിഗ്രഹിച്ചെടുക്കണം.  ഇത് നേരത്തെ നമ്മൾ കണ്ട പ്രക്രിയയുടെ നേർ എതിർപ്രവർത്തനമാണെന്ന് കാണാം.

നിലവിൽ സാർവ്വദ്ദേശീയമായ വ്യാകരണം എന്നത് എങ്ങിനെ തലച്ചോറിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. തലച്ചോറിലെവിടെയോ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു നിർദ്ധാരണ വ്യവസ്ഥ എന്നല്ലാതെ അതിന്റെ കൃത്യമായ നിർദ്ധാരണ പ്രക്രിയയെക്കുറിച്ചോ, അതിന്റെ നിർമ്മിതിയിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ചോ ഇന്നു കാര്യമായ വിവവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇത്തരമൊരു വ്യസസ്ഥ നിലവിലുണ്ടെന്ന് സമർത്ഥിക്കാൻ ആവശ്യമായ സൂചകങ്ങൾ ലഭ്യമാണ് താനും. ഇവിടെ സ്വീകാര്യമായ വീക്ഷണമെന്നത് ഭാഷയെന്നത് മനസ്സിന്റെ വ്യതിരിക്തമായ ഭാഗമാണെന്നും അത് പലപ്പോഴും തെറ്റായി ഗണിക്കപ്പെടുന്നത് പോലെ കഴിവിന്റേയോ ബൗദ്ധികതയുടേയോ ആവിഷ്കാരമല്ല എന്നും  അത് മറ്റ് സംവേദന രീതികളുടെ പുറത്ത് സഞ്ചരിക്കുന്ന ഒന്നല്ലെന്നുമാണ്. ന്യൂറൽ സയസിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ ഇതിനോട് ചേർത്ത് വായിക്കാം.

     ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്ക് ( വില്യം സിംഡ്രം ബാധിച്ച കുട്ടികളുടെ) ഭാഷാ ശക്തി നഷ്ടപ്പെടാത്തതും. അസാഫിയ ബാധിച്ച ബുദ്ധിശക്തി ഏറെയുള്ള ആൾക്കാർക്ക് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി നഷ്ടപ്പെടുന്നതും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.


ഈ പരിസരത്ത് നിന്നു കൊണ്ട് വേണം ചോസ്കി മുന്നോട്ടു വെക്കുന്ന ഭാഷാ പഠനം എങ്ങിനെ നടക്കുന്നു എന്ന ആശയം മനസ്സിലാക്കാൻ. ഭാഷാ പഠനത്തിന് അതിന്റെ വ്യാകരണം അടിസ്ഥാനമായി നില നിൽക്കണം എന്നുള്ള വാദമാണ് ചോസ്കി മുന്നോട്ടുവെക്കുന്നതിൽ പരമ പ്രധാനം. ഇതാകട്ടെ 'ബ്ലാങ്ക് ഷീറ്റു' പോലുള്ള മനസ്സുമായാണ് കുട്ടി ജനിക്കുന്നതെന്ന 'എമ്മ്പരിസിസ്റ്റ്' വീക്ഷണത്തിൻ നിന്ന് വിഭിന്നമാണ്.  അങ്ങിനെ അടിസ്ഥാനമായി സാർവലൗകിക വ്യാകരണം നിലനിക്കുന്നുണ്ടെങ്കിൽ പോലും ഭാഷാ പഠനത്തിന്റെ സാക്ഷാത്ക്കാരത്തിന് അവശ്യം ഉദ്ദീപനങ്ങൾ വേണ്ടതാണു താനും. ഭാഷാ പഠനം എന്നത് പിന്നെ  വളർച്ചയുടേയും അവശ്യം വേണ്ട ലളിത പരിശീലനത്തിന്റേയും പ്രശ്നം മാത്രമായി അവശേഷിക്കും. ഈ വാദഗതിയുടെ കാതൽ എന്നു പറയുന്നത് കുട്ടി ഭാഷ പഠിക്കുകയല്ല,  സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്നതാണ്.  ഈ സൃഷ്ടി നടക്കുന്നത് അവരെ പഠിപ്പിച്ചിട്ടോ, അവർ മിടുക്കരായത് കൊണ്ടോ, അവർക്കിതെല്ലാം ആവശ്യമായതു കൊണ്ടോ അല്ല, മറിച്ച് അവർക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണ് എന്ന് പിങ്കർ വിലയിരുത്തുന്നു. അത്രമേൽ സ്വാഭാവികമാണ് ഈ ഭാഷാ പഠനം അഥവാ മാതൃഭാഷാ പഠനം, അല്ല നിർമ്മിതി ( അതോ അപനിർമ്മിതിയോ?) . 10 വയസ്സിന് താഴെയുള്ള ഒരു കുട്ടി സ്വാഭാവികമായി സ്വാംശീകർക്കുന്ന ഭാഷാ നിപുണത, പരിശീലനം സിദ്ധിച്ച വിദഗ്ദ അധ്യാപകരുടെ പഠന രീതികൾക്കും സാധ്യമാകുന്നില്ലെന്ന് ജാക്കെൻഡോഫും പറയുന്നു.

         ഭാഷാ പഠനം ഇത്തരത്തിലാണെന്ന് സ്ഥാപിക്കാൻ ചോസ്കി നിരത്തുന്ന ചില തെളിവുകളും പ്രസക്തമാണ്. ജന്മനാ കാഴ്ച ശക്തി ഇല്ലാത്ത കുട്ടികൾ പോലും കാഴ്ചയുമയി ബന്ധപ്പെട്ട വാക്കുകൾ സ്വാംശീകരിക്കുന്നു എന്നതാണ് അതിലൊന്ന്.

പ്രീ-പ്രോഗ്രാമ്മ്ഡ് Language Acquisition Device എന്ന ആശയം ചോംസ്കി മുന്നോട്ടു വെക്കുമ്പൊൾ ബ്രർണർ മുന്നോട്ടു വെക്കുന്നത് അതിനോടോപ്പം തന്നെയുള്ള Language Acquisition Support System ആണ്. അതിൽ കുടുംബവും ചുറ്റുപാടുകളും ചേരുന്നു എന്നുമാത്രം.


        ഭാഷയുടെ നിയമാവലി അഥവാ വ്യാകരണം  പുതുതായി ഭാഷ ഉപയോഗിക്കാൻ തുടങ്ങുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പക്ഷെ ഭാഷക്ക് വ്യാകരണം ആവശ്യമായതിനാൽ  അത് പഠിക്കപ്പെടേണ്ടതുണ്ട് താനും. ഇവിടെയാണ് പരമ്പരാഗതമായ ചിന്താഗതികൾ തകർന്നു വീഴുന്നത്. ഭാഷാ വ്യാകരണങ്ങളുടെ പഠനമില്ലാതെ തന്നെ കുട്ടികൾ എങ്ങിനെ അവ ആർജ്ജിക്കുന്നു? അത് സംവേദന ക്ഷമതയുടേയോ, ബുദ്ധിശക്തിയുടേയോ മാനദണ്ഡത്തിലാണ് അളക്കപ്പെടുന്നതെങ്കിൽ അതേ രാഘവത്തോടെ മറ്റു ഭാഷകൾ, ജീവിതത്തിന്റെ മറ്റു ദശാസന്ധികളിൽ പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നതെന്തു കൊണ്ട് ?  ചോസ്കി മുന്നോട്ടു വെക്കുന്ന അപഗ്രഥന രീതി ഭാഷാപഠനം സ്വാഭാവികമായ ഒരു ജൈവിക പ്രക്രിയയാണ് എന്ന് വിശദീകർക്കുന്നു. അത് കുട്ടികൾ ആദ്യം പഠിക്കുന്ന ഭാഷയുടെ പ്രാധാന്യം എടുത്തു കാട്ടുന്നു.
അത് കൊണ്ടാണ് "നേറ്റീവ് സ്പീക്കേഴ്സ്' എന്ന് പറയപ്പെടുന്ന തനതു പ്രയോക്താക്കൾ വ്യാകരണ നിയമങ്ങളൊന്നും പഠിക്കാതെ തന്നെ അത് ഉപയോഗിക്കാൻ പ്രാപ്തമാകുന്നത്. അതാണ്  കുട്ടിയെ സംബന്ധിച്ചിടത്തോളം മാതൃഭാഷ അഥവാ ഒന്നാം ഭാഷ. അതു തന്നെയാണ് മാതൃഭാഷയെ മറ്റു ഭാഷകളിൽ നിന്ന് വേർതിരിക്കുന്നതും.


    ഒരു കുട്ടി ജനിച്ച് മൂന്നാഴ്ചക്കുള്ളിലാണ് ആദ്യത്തെ സംസാരം രൂപപ്പെടുന്നത്. 8 മാസത്തിനുള്ളിൽ അതിന് പരിചിതമായ സിലബളുകളിലേക്ക് അത് ക്രമപ്പെടും. 5 വയസ്സിൽ താഴെയാണ് പ്രധാനമായും ഭാഷാ പഠനം നടക്കുന്നത്. 13 വയസ്സിനു ശേഷം ഭാഷ പഠിക്കാനുള്ള കഴിവ് പരിമിതപ്പെടുന്നു. മാതൃഭാഷാ പഠനം സ്വാഭാവികമായ പ്രക്രിയയായതു പോലെ സ്വാഭാവികമായ പ്രക്രിയയല്ല രണ്ടാം ഭാഷയുടെ പഠനം. അത് ജൈവികമായ വ്യാപാരമല്ല, മറിച്ച് ബൗദ്ധികമാണ്. പക്ഷെ അതി ജീവനത്തിന്റെ രാഷ്ട്രീയം അന്താരാഷ്ട്ര ഭാഷകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ അത്തരം ഭാഷകൾ അദ്ധ്യയന മാധ്യമമായി ഉപയോഗിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത്, അഥവാ നടന്നത്.  കുട്ടിയുടെ സ്വാഭാവികമായ പഠനത്തിന്റെ ഒഴുക്കിനെ തടയുകയാണ് പുതുതായി നിർദ്ദേശിക്കപ്പെടുന്ന ബോധനമാധ്യമ ഭാഷ ചെയ്യന്നത് എന്നതാണ് ഇതിലെ ബുദ്ധിമുട്ട് . ഇത് ബൗദ്ധിക നിലവാരം കുറയാൻ ഇടയാക്കിയേക്കുമെന്ന് കരുതപ്പെടുന്നു. ഇതിനേക്കുറിച്ച് കാനഡയിലും, ആഫ്രിക്കൻ രാജ്യങ്ങളിലും നടന്ന ചില പഠനങ്ങൾ മാതൃഭാഷ മാധ്യമമായി പഠിച്ച കുട്ടികളുടെ വിദ്യാഭാസ നിലവാരം മെച്ചമാണെന്ന് കാണിക്കുന്നു.  മാതൃഭാഷ ചിന്താ രീതിയെ സ്വാധീനിക്കുമെന്നും ചില പഠനങ്ങളുണ്ട്.

        ഭാഷയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ലോകം മുഴുവനും ഒറ്റഭാഷ സംസാരിക്കുന്ന കിനാശ്ശേരി സ്വപ്നം കാണുന്നവരെ നമുക്ക് കണ്ടുമുട്ടാനാകും. ഇത്തരത്തിലുള്ള ചില പ്രവർത്തനങ്ങൾ നടന്നിരുന്നു എന്നതാണ് സത്യം. എസ്പെരാന്റോ, ഇന്റർ ലിംഗ്വാ തുടങ്ങിയ ഭാഷകൾ ഇത്തരം സ്വപ്നങ്ങളിൽ നിന്നുയർന്നതാണ്. 850 വാക്കുകൾ കൊണ്ടു മാത്രം തീർത്ത ബേസിക് ഇംഗ്ലീഷ് എന്ന ഒരു ഭാഷയും നിർദ്ദേശിക്കപ്പെട്ടതാണ്. എന്നാൽ ലളിതവും ഒഴിവാക്കപ്പെടലുകളില്ലാത്ത നിയമവലികൾ കൊണ്ടും നിർമ്മിക്കപ്പെട്ടിട്ടും ഇവയ്കൊന്നും തന്നെ വേരുറപ്പിക്കാൻ പറ്റിയില്ല.

        ഇന്നു നിലവിലുള്ള ഭാഷകളിൽ ചിലത് മാത്രമേ ബൗദ്ധിക വ്യവഹാരങ്ങൾക്ക് അഥവാ ശാസ്ത്രത്തിന്ന് വഴങ്ങൂ എന്നൊരു ചിന്ത പലരും പ്രകടിപ്പിക്കാറുണ്ട്. 20 നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെ ഇത്തൊരമൊരു ചിന്ത രൂഢമൂലമായിരുന്നു താനും. എന്നാൽ ഇന്ന് അത്തരമൊരു ചിന്ത ആധുനിക ഭാഷാ ശാസ്ത്രകാരന്മാർക്കിടയിലില്ല എന്ന് മാത്രമല്ല അത് തെറ്റാണെന്ന് സ്ഥാപിച്ചിട്ടുമുണ്ട്.  ചൊവ്വാ ഗൃഹത്തിൽ നിന്നെത്തുന്ന ജീവികൾക്ക് ഭൂമിയിലെ ഭാഷകൾ കേട്ടാൽ ഒരേ ഭാഷയുടെ പ്രാദേശിക ഭേദങ്ങളാണെന്ന് തോന്നും എന്നാണ് ചോസ്കി നിരീക്ഷിച്ചത്.   ഭാഷകൾ എപ്പോഴും പുതിയവാക്കുകൾ ഉണ്ടാക്കുകയും പലതും കടം കൊള്ളുകയും ചെയ്യുന്നത് കൊണ്ട് ഭാഷ ഒരിക്കലും ചിഹ്നങ്ങളാൽ പരിമിതപ്പെടുന്നില്ല എന്നും ചേർത്ത് വായിക്കേണ്ടതുണ്ട്. 


         ഇത്രയും സ്വാഭാവികമാണ് ഭാഷയെങ്കിൽ ഭാഷയെ നിലനിർത്താൻ എന്തിനാണൊരു മുറവിളി എന്ന് ന്യായമായും സംശയിക്കാം.   'ഇര' അടിയേറ്റ് ചോര വാർന്നൊലിക്കുന്നവരെ മാത്രമല്ല  പ്രാന്തവൽക്കരിക്കപ്പെടുന്ന മുഴുവൻ  മനുഷ്യരേയും ഉൾക്കൊള്ളിക്കുന്ന വിപുലമായ  അർത്ഥധ്വനികളുള്ള പദം  എന്നതിനാൽ(കെ.. ഇ.എൻ , ഇരകളുടെ മാനിഫെസ്റ്റോ)  ചില ഭാഷകളുടെ രാഷ്ട്രീയ നോട്ടം ഇരയുടെ കണ്ണുകളിൽ കൂടിയുള്ള നോട്ടം കൂടിയാണ്. നിത്യ ജീവിതത്തിൽ എല്ലാ തുറകളിലും പ്രാദേശിക ഭാഷകളെ ഞെക്കിക്കൊല്ലാനുള്ള അധികാരത്തിന്റെ , കമ്പോളത്തിന്റെ യുക്തിയാണ് കാണുന്നത്. ബാങ്കുകളിലും, സർക്കാർ ഓഫീസുകളിലും, കോടതികളിലും ഇന്നും ഭരണ ഭാഷ ഇംഗ്ലീഷാണ്. യു.പി.എസ്സ്.സി പരീക്ഷകളും ഉന്നത വിദ്യാഭ്യാസവും പൂർണ്ണമായും ഇംഗ്ലീഷിലാണ്. അങ്ങിനെ കൃത്രിമമായി പരിരക്ഷിക്കപ്പെട്ടിട്ടുള്ള ഭാഷയിലെ അധികാരത്തിന്റെ രാഷ്ട്രീയം, പുറം തള്ളുന്നത് സമൂഹത്തിലെ പിന്നോക്കക്കാരേയാണ്. ഇവിടെയാണ് ഭാഷയുടെ രാഷ്ട്രീയത്തിൽ ഉടതുപക്ഷ വായനയുടെ ആവശ്യം.